നമസ്കരിക്കാത്തവന്റെ നോമ്പ്

ചോദ്യം- നമസ്കരിക്കാത്തവർ നോമ്പനുഷ്ഠിച്ചതുകൊണ്ട് പ്രയോജനമുണ്ടോ.
ഉത്തരം- നമസ്കാരം ഒരനാവശ്യകാര്യമാണെന്നോ നമസ്ക്കരിക്കണമെന്ന ദൈവകൽപന അനുസരിക്കപ്പെടാനർഹമല്ലെന്നോ ഉള്ള മനോഭാവത്തോടുകൂടി നമസ്കാരം ഉപേക്ഷിക്കുന്നവർ ഇസ്ലാമിന്റെ വൃത്തത്തിൽ നിന്ന് പുറത്ത് പോയിരിക്കുന്നു. മുസ്ലിം അല്ലാത്തവർക്ക് നോമ്പ് നിർബന്ധമില്ല. അതിനാൽ അയാളുടെ നോമ്പുകൊണ്ട് പ്രയോജനമൊന്നുമില്ല. എന്നാൽ ധിക്കാരപൂർവമല്ലാതെ അജ്ഞതയോ അശ്രദ്ധയോ കാരണമായി നമസ്കാരത്തിൽ വീഴ്ച വരുത്തുന്നവർ ഭയങ്കര കുറ്റക്കാരാണെങ്കിലും മുസ്ലിം കൾ തന്നെയാണ്. അവരുടെ നോമ്പ് സാധുവും പ്രയോജനപ്രദവുമായിരിക്കുകയും ചെയ്യും. കാരണം, നോമ്പ് സാധുവാകുവാൻ നമസ്കാരം ഒരുപാധിയല്ല. നോമ്പ് പിടിച്ചത് കൊണ്ട് നമസ്കാരം ഉപേക്ഷിച്ച കുറ്റത്തിൽ നിന്ന് അയാൾ മുക്തനാവുകയുമില്ല.

