Home › Fiqh-Fatwa › നോമ്പിന്റെ നിയ്യത്ത്
Fiqh-Fatwa

നോമ്പിന്റെ നിയ്യത്ത്

ഇല്‍യാസ് മൗലവി · 30/03/2022

ചോദ്യം- നോമ്പിന്റെ നിയ്യത്ത് ചൊല്ലിക്കൊടുക്കുന്നത് കാണാറുണ്ട്. അത് നാവു കൊണ്ട് ഉരുവിടുക നിര്‍ബന്ധമാണോ? എപ്പോഴാണ് അതിന്റെ സമയം? ഓരോ ദിവസത്തെ നോമ്പിനും വെവ്വേറെ നിയ്യത്ത് വേണ്ടതുണ്ടോ?

ഉത്തരം- ‘നിയ്യത്ത്’ എന്ന വാക്കിന് കരുതുക എന്നാണര്‍ഥം. കരുതല്‍ ഹൃദയം കൊണ്ടാണല്ലോ. എന്ന് വെച്ചാല്‍ നിയ്യത്തിന്റെ ഇടം മനസ്സാണ്; ഹൃദയം കൊണ്ടാണ് നിയ്യത്ത് ചെയ്യേണ്ടത്. മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവുകൊണ്ട് ഉച്ചരിച്ചാല്‍ അത് നിയ്യത്താവുകയില്ല. നാവുകൊണ്ടുച്ചരിക്കല്‍ നിയ്യത്തിന്റെ നിബന്ധനയല്ല. സുന്നത്തു മാത്രമാണ്. അതുപോലും ശാഫിഈ, ഹനഫീ വീക്ഷണമാണ് (നിഹായ 1-496). നബിയോ സ്വഹാബത്തോ നിയ്യത്ത് ഉരുവിടാറുണ്ടായിരുന്നില്ല (സാദുല്‍മആദ് 1- 194). ഹൃദയത്തെ സഹായിക്കാന്‍ വേണ്ടിയാണ് നാവു കൊണ്ടുച്ചരിക്കുന്നത്. ഹൃദയസാന്നിധ്യമില്ലാതെ കേവലം നാവുകൊണ്ട് ‘നിയ്യത്ത്’ വെച്ചാല്‍ നോമ്പ് സ്വഹീഹാവുന്നതല്ല (തുഹ്ഫ 3/424).

‘ഫജ്‌റിനു മുമ്പ് രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല’ (അബൂദാവൂദ്: 8161) എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് റമദാന്‍ നോമ്പായി പരിഗണിക്കണമെങ്കില്‍ ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യുക തന്നെ വേണം എന്ന് പറയുന്നത്. ശാഫിഈ മദ്ഹബനുസരിച്ച് ഫര്‍ദായ നോമ്പാണെങ്കിലാണ് രാത്രി നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധം. എന്നാല്‍ പകല്‍ ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്താലും മതി എന്നാണ് ഇമാം അബൂഹനീഫ (റ) പറയുന്നത്. എന്നാല്‍ റമദാന്‍ വ്രതം (സ്വൗമു റമദാന്‍) ഒറ്റ ഇബാദത്താണെന്നും മൊത്തം ഒരു നിയ്യത്ത് മതിയാവുമെന്നുമാണ് മാലികി മദ്ഹബിന്റെ വീക്ഷണം (ഹാശിയതു ബിന്‍ ആബിദീന്‍: 2-380).

പിറ്റേന്ന് നോമ്പെടുക്കണമെന്ന് ഉദ്ദേശിച്ച് കിടക്കുന്നതും ആ ഉദ്ദേശ്യത്തോടെ അത്താഴത്തിനെഴുന്നേല്‍ക്കുന്നതുമെല്ലാം നിയ്യത്തായി പരിഗണിക്കപ്പെടും.

Tags: Ramadan